സങ്കീർത്തനങ്ങൾ. 67. സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവം നമ്മോട് കൃപാലുവായിരിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ, തിരുമുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുകയും ചെയ്യട്ടെ— സേലാ. അങ്ങനെ അവിടത്തെ മാർഗം ഭൂതലത്തിലെങ്ങും അറിയപ്പെടട്ടെ, അവിടത്തെ രക്ഷ സകലരാഷ്ട്രങ്ങളിലും. ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ; സകലജനതകളും അങ്ങയെ സ്തുതിക്കട്ടെ. രാഷ്ട്രങ്ങൾ ആഹ്ലാദത്തോടെ ആനന്ദഗീതം ആലപിക്കട്ടെ, കാരണം അങ്ങ് ജനതകളെ നീതിപൂർവം ഭരിക്കുകയും ഭൂമിയിലെ രാഷ്ട്രങ്ങളെ നയിക്കുകയും ചെയ്യുന്നു. സേലാ. ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ; സകലജനതകളും അങ്ങയെ സ്തുതിക്കട്ടെ. അപ്പോൾ ഭൂമി അതിന്റെ വിളവ് നൽകുന്നു; ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിക്കും. അതേ, ദൈവം നമ്മെ അനുഗ്രഹിക്കും, അങ്ങനെ ഭൂമിയിലെ സകലജനതകളും അവിടത്തെ ഭയപ്പെടും.