സദൃശവാക്യങ്ങൾ. 14. സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു. നേരായി നടക്കുന്നവൻ യഹോവാഭക്തൻ; നടപ്പിൽ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു. ഭോഷന്റെവായിൽ ഡംഭത്തിന്റെ വടിയുണ്ടു; ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു. കാളകൾ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ടു. വിശ്വസ്തസാക്ഷി ഭോഷ്കു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷ്കു നിശ്വസിക്കുന്നു. പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന്നോ പരിജ്ഞാനം എളുപ്പം. മൂഢന്റെ മുമ്പിൽനിന്നു മാറിപ്പോക; പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല. വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്വം. ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു; നേരുള്ളവർക്കോ തമ്മിൽ പ്രീതി ഉണ്ടു. ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും അന്യൻ ഇടപെടുന്നില്ല. ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും; നീതിമാന്റെ കൂടാരമോ തഴെക്കും. ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ. ചിരിക്കുമ്പോൾ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമാകയുമാം. ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പിൽ മടുപ്പുവരും; നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാൽ തന്നേ തൃപ്തിവരും. അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു. ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിർഭയനായി നടക്കുന്നു. മുൻകോപി ഭോഷത്വം പ്രവർത്തിക്കുന്നു; ദുരുപായി ദ്വേഷിക്കപ്പെടും. അല്പബുദ്ധികൾ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു. ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനില്ക്കുന്നു. ദരിദ്രനെ കൂട്ടുകാരൻ പോലും പകെക്കുന്നു; ധനവാന്നോ വളരെ സ്നേഹിതന്മാർ ഉണ്ടു. കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; എളിയവരോടു കൃപകാണിക്കുന്നവനോ ഭാഗ്യവാൻ. ദോഷം നിരൂപിക്കുന്നവർ ഉഴന്നുപോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവർക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു. എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചർവ്വണംകൊണ്ടോ ഞെരുക്കമേ വരു. ജ്ഞാനികളുടെ ധനം അവർക്കു കിരീടം; മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്വം തന്നേ. സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷ്കു നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു. യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു; അവന്റെ മക്കൾക്കും ശരണം ഉണ്ടാകും. യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും. പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിന്നു നാശം. ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; മുൻകോപിയോ ഭോഷത്വം ഉയർത്തുന്നു. ശാന്തമനസ്സു ദേഹത്തിന്നു ജീവൻ; അസൂയയോ അസ്തികൾക്കു ദ്രവത്വം. എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു. ദുഷ്ടന്നു തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; നീതിമാന്നോ മരണത്തിലും പ്രത്യാശയുണ്ടു. വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു; മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളതോ വെളിപ്പെട്ടുവരുന്നു. നീതി ജാതിയെ ഉയർത്തുന്നു; പാപമോ വംശങ്ങൾക്കു അപമാനം. ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു; നാണംകെട്ടവന്നോ അവന്റെ കോപം നേരിടും.