സങ്കീർത്തനങ്ങൾ. 115. ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയുംനിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ. അവരുടെ ദൈവം ഇപ്പോൾ എവിടെ എന്നു ജാതികൾ പറയുന്നതെന്തിന്നു? നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു. അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ. അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല. അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല. അവെക്കു കയ്യുണ്ടെങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല. അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ. യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു; അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്ക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു. യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിപ്പിൻ; അവൻ അവരുടെ സഹായവും പരിചയും ആകുന്നു. യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും; അവൻ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; അവൻ അഹരോൻഗൃഹത്തെ അനുഗ്രഹിക്കും. അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും. യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ. ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു. സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു. മരിച്ചവരും മൗനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല. നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിൻ.