സങ്കീർത്തനങ്ങൾ. 114. യിസ്രായേൽ മിസ്രയീമിൽനിന്നും യാക്കോബിൻഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും യിസ്രായേൽ അവന്റെ ആധിപത്യവുമായി തീർന്നു. സമുദ്രം കണ്ടു ഓടി; യോർദ്ദാൻ പിൻവാങ്ങിപ്പോയി. പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി. സമുദ്രമേ, നീ ഓടുന്നതെന്തു? യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്തു? പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതു എന്തു. ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ, യാക്കോബിൻ ദൈവത്തിന്റെ സന്നിധിയിൽ വിറെക്ക. അവൻ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.