സങ്കീർത്തനങ്ങൾ. 47. സംഗീതപ്രമാണിക്കു; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ. അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു. അവൻ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു. അവൻ നമുക്കു നമ്മുടെ അവകാശത്തെ തിരഞ്ഞെടുത്തു തന്നു; താൻ സ്നേഹിച്ച യാക്കോബിന്റെ ശ്ലാഘ്യഭൂമിയെ തന്നേ. ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും കൂടെ ആരോഹണം ചെയ്യുന്നു. ദൈവത്തിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; നമ്മുടെ രാജാവിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ. ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ. ദൈവം ജാതികളെ ഭരിക്കുന്നു; ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു. വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിൻ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകൾ ദൈവത്തിന്നുള്ളവയല്ലോ; അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു.